സ്ത്രീവിരുദ്ധ പരാമർശം: ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെതിരെ കേസെടുത്തു
May 13, 2024, 11:43 IST
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വടകര പൊലീസ് കേസെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കെ.പുഷ്പജ നൽകിയ പരാതിയിലാണ് നടപടി.
വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്‌ക്കെതിരെ നടത്തിയ പരാമർശത്തെത്തുടർന്ന് ഹരിഹരിന് വിമർശനം നേരിടേണ്ടി വന്നിരുന്നു. ശനിയാഴ്ച വടകര കോട്ടപ്പറമ്പിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് അധിക്ഷേപ പരാമർശമുണ്ടായത്.
യുഡിഎഫ് നേതാക്കളുൾപ്പെടെ ഹരിഹരനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇന്നലെ രാത്രി ഹരിഹരന്റെ വീടിനു നേരെ ആക്രമണമുണ്ടായി സ്‌ഫോടക വസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.