മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെ, ഉയർന്ന അളവിൽ ഉറക്കഗുളിക നൽകി; കൂട്ടമരണത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 

കണ്ണൂർ പാടിയോട്ടുചാൽ വാച്ചാലിൽ അമ്മയും 3 കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലു പേരും ഒപ്പം താമസിക്കുന്ന സുഹൃത്തും മരിച്ച സംഭവത്തിൽ മകൻ സൂരജിനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മറ്റു രണ്ടു കുട്ടികളായ സുജിൻ, സുരഭി എന്നിവരെ കെട്ടിത്തൂക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 3 കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്കഗുളിക നൽകിയതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ ആറരയോടെയാണ് നടുക്കുടി ശ്രീജ (38), സുഹൃത്തായ മുളപ്രവീട്ടിൽ ഷാജി (40), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ  സ്ഥിരമായി തർക്കവും വഴക്കുമുണ്ടാകാറുണ്ടെന്നും കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തതാകാനാണു സാധ്യതയെന്നും പൊലീസ് പറഞ്ഞു.

ശ്രീജയെയും ഷാജിയെയും വീട്ടിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ശ്രീജയുടെ ഭർത്താവ് സുനിൽ ചെറുപുഴ പൊലീസിനു നൽകിയ പരാതിയിൽ, ഇന്നലെ രാവിലെ മധ്യസ്ഥ ചർച്ച നടക്കാനിരിക്കെയാണു സംഭവം.കുട്ടികളെ കൊന്നതായും ഷാജിയും താനും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ചെറുപുഴ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ 6 മണിയോടെ ശ്രീജയും ഷാജിയും ഫോൺ ചെയ്തു പറഞ്ഞിരുന്നു. അര മണിക്കൂറിനകം പൊലീസെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.