'മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കഗാന്ധിയുടെ കവിൾ പോലെയാക്കും'; പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ്

 

മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെയാക്കുമെന്ന അസഭ്യ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ എംപിയും ഡൽഹി കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രമേഷ് ബിധുരി. വിജയിച്ചാല്‍ മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്നായിരുന്നു പ്രചാരണത്തിലെ പരാമര്‍ശം.

ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍പോലെ മനോഹരമാക്കുമെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് വാഗ്ദാനം പാലിച്ചില്ലെന്നും താന്‍ അതുപോലെയല്ലെന്നും ബിധുരി പറഞ്ഞു. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിധുരി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.

പ്രസ്താവന വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച ബിധുരി തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ന്യായീകരിച്ചു. എംപിയായിരുന്നപ്പോള്‍ ലോക് സഭയില്‍ അസഭ്യപരാമര്‍ശം നടത്തിയ ബിധുരിയെ ബിജെപി താക്കീത് ചെയ്തിരുന്നു.