ഖലിസ്ഥാൻ അനുകൂല നേതാവ്  പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ്;  കേന്ദ്ര സർക്കാരിന് സമൻസ് അയച്ച് യു.എസ് കോടതി 

 

ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ സർക്കാരിന് സമൻസ് അയച്ച് യുഎസ് കോടതി. കേന്ദ്ര സർക്കാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ ചീഫ് സമന്ത് ഗോയൽ, റോ ഏജന്റ് വിക്രം യാദവ്, ഇന്ത്യൻ ബിസിനസ്സുകാരൻ നിഖിൽ ഗുപ്ത എന്നിവരെ അഭിസംബോധന ചെയ്താണ് യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ഫോർ സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്  സമൻസ് അയച്ചത്. 21 ദിവസത്തിനുള്ള മറുപടി നൽകണം. 

സംഭവത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന്റെ പകർപ്പ് പങ്കുവച്ച പന്നുവിന്റെ എക്സ് അക്കൗണ്ട് ഇപ്പോൾ പ്രവർത്തനരഹിതമാണ്. പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിൽ റോ ഉദ്യോഗസ്ഥനായ വിക്രം യാദവാണെന്ന് യുഎസ് പത്ര‌മായ വാഷിങ്ടൻ പോസ്റ്റ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോർക്കിലെ വിലാസം ഉൾപ്പെടെ വിശദാംശങ്ങൾ കൈമാറിയതും വിക്രം യാദവാണെന്നു റിപ്പോർട്ടിലുണ്ടായിരുന്നു.