'സോളാർ കേസ് അട്ടിമറിച്ചതിന് പിന്നിൽ അജിത് കുമാർ'; വീണ്ടും ആരോപണവുമായി അൻവർ

 

സോളാർ കേസ് അട്ടിമറിച്ചതിന് പിന്നിലും എ.ഡി.ജി.പി. എം.ആർ. അജിത് കുമാറാണെന്ന് പി.വി. ആൻവർ എം.എൽ.എ. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി. തിരുവന്തപുരം കവടിയാറിൽ എം.എ. യൂസഫലിയുടെ വീടിനോട് ചേർന്ന് വലിയ കൊട്ടാരം പണിയുന്നുവെന്നും അൻവർ ആരോപിച്ചു.

'കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാർ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തി. പാർട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എം.ആർ. അജിത് കുമാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനാവാം അത്. ഇക്കാര്യത്തിൽ അന്വേഷണം വരുമ്പോൾ അത് കണ്ടെത്തട്ടെ', അൻവർ പറഞ്ഞു.

അജിത് കുമാർ കവടിയാറിൽ എം.എ. യൂസഫലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് വലിയ വീട് നിർമിക്കുന്നുണ്ട്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റർചെയ്തിട്ടുണ്ട്. 65 മുതൽ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വില, അൻവർ പറഞ്ഞു.