പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

 

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിന്റെ ഭാഗമാകുന്നു. അസോസിയേറ്റ് അംഗങ്ങളായി ഇവരെ മുന്നണിയിൽ ഉൾപ്പെടുത്താൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇവർക്കൊപ്പം വിഷ്ണുപുരം ചന്ദ്രശേഖരനെയും മുന്നണിയിൽ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ച പാർട്ടികളെയും വ്യക്തികളെയും ചേർത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയുടെ അടിത്തറ വിപുലീകരിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി പൂർണ്ണമായി സഹകരിച്ച പി.വി. അൻവറിന്റെ നിലപാട് മുന്നണിക്ക് ഗുണകരമായെന്നാണ് വിലയിരുത്തൽ.

അതേസമയം, ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ചകൾ ഉണ്ടായെങ്കിലും പി.ജെ. ജോസഫ് അടക്കമുള്ള നേതാക്കൾ ഇതിനെ ശക്തമായി എതിർത്തു. ബിജെപി ഭരണം തടയാൻ തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫുമായി യാതൊരു വിധ സഹകരണവും വേണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിന് യുഡിഎഫ് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും ചേർന്ന് ഇന്ത്യ സഖ്യമായി മത്സരിക്കുന്നു എന്ന പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി സംവിധാനം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസും മറ്റ് ഘടകകക്ഷികളും ലക്ഷ്യമിടുന്നത്.