രാഹുല്‍ നിരപരാധി, പറഞ്ഞതെല്ലാം നുണ'; പന്തീരാങ്കാവ് കേസില്‍ യുവതി മൊഴിമാറ്റി

 


പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ പ്രതി ​രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുൽ നിരപരാധി എന്ന് പരാതിക്കാരി പറഞ്ഞു. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു.

തന്നെ രാഹുൽ ബെൽറ്റ് ഉപയോ​ഗിച്ച് മർദ്ദിച്ചിട്ടില്ല. ചാർജ്ജർ ഉപയോ​ഗിച്ച് കഴുത്ത് ഞെരിച്ചിട്ടില്ല. പറഞ്ഞത് മുഴുവൻ നുണയാണ്. വീട്ടുകാരുടെ സമ്മർദ്ദം കാരണമാണ് കള്ളം പറഞ്ഞത്. നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈൽ വഴിയാണ് യുവതി വീഡിയോ പങ്കുവച്ചത്. പൊലീസിന് മുൻപിലും മാധ്യമങ്ങളോടും നുണ പറയേണ്ടി വന്നു. തന്നെ അത്രയേറെ സ്നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് താൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങൾ രാഹുലേട്ടന്റെ തലയിൽ വച്ചുകൊടുത്തു. കുടുംബത്തോട് ഇതിനൊന്നും താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെൽറ്റ് കൊണ്ടടക്കം മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിൾ വച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. 

ആരും തന്നെ സപ്പോര്‍ട്ട് ചെയ്തില്ല. ആരുടെ കൂടെ നിൽക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല. അന്ന് തന്നെ ഒരുപാട് ബ്രെയ്ൻ വാഷ് ചെയ്തു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആവശ്യമില്ലാത്ത കുറേ നുണ പറഞ്ഞത്. താനിന്ന് രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ട്. കല്യാണത്തിന് മുൻപ് തന്നെ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്ത കാര്യം രാഹുലേട്ടൻ പറഞ്ഞിരുന്നു.