രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരരുത്; ആക്ഷേപങ്ങൾ ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആക്ഷേപങ്ങൾ വളരെ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരമൊരാൾ എംഎൽഎ സ്ഥാനത്ത് തുടരരുത്. ഇത് പൊതു സമൂഹം തന്നെ നിലപാട് എടുത്തിട്ടുള്ള കാര്യമാണ്. എന്നാൽ അങ്ങനെയൊരു നിലപാടല്ല വന്നിടത്തോളം കാണാനായിട്ടുള്ളത്. എത്രകാലം പിടിച്ചു നിൽക്കുമെന്ന് തനിക്കറിയില്ല. മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ വലിയ പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ ഉണ്ടായത്. ഒന്നിലേറെ സംഭവങ്ങളെപ്പറ്റി റിപ്പോർട്ടുകൾ വന്നു. ഒരു സംഭാഷണത്തിൽ ഗർഭം അലസിപ്പിക്കുക എന്നതു മാത്രമല്ല, അലസിയില്ലെങ്കിൽ ഗർഭം ധരിച്ച സ്ത്രീയെ കൊല്ലാൻ തന്നെ അധികം സമയം വേണ്ടെന്ന് പറയുന്ന അവസ്ഥ മാധ്യമങ്ങൾ തന്നെ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. എത്രമാത്രം ക്രിമിനൽ രീതിയാണ് ഇതെന്ന് കാണേണ്ടതുണ്ട്.
നമ്മുടെ സമൂഹത്തിൽ പൊതുപ്രവർത്തകർക്ക് പൊതുവേയുണ്ടായിരുന്ന അംഗീകാരത്തിന് അപവാദം വരുത്തിവെക്കുന്ന കാര്യങ്ങൾ രാജ്യത്തായാലും സംസ്ഥാനത്തായാലും ചില ഘട്ടത്തിൽ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ ഇത്രത്തോളം പോയ കാര്യങ്ങൾ നമ്മുടെ അനുഭവത്തിൽ കേട്ടിട്ടില്ല. അതും പൊതുപ്രവർത്തകൻ. അത്തരമൊരു സാഹചര്യത്തിൽ ശക്തമായ നിലപാട് എടുത്താണ് പോകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.