ഡല്‍ഹിയില്‍ നേരിയ മഴ; വായൂ ഗുണനിലവാരത്തില്‍ ചെറിയമാറ്റം
രാജ്യതലസ്ഥാനത്ത് അന്തരീഷ മലിനീകരണം അതിതീവ്രമായി തുടരുന്ന ആശ്വാസമായി മഴ. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഡല്‍ഹിയിലെ വിവിധഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചത്. വിഷപുകമഞ്ഞിന്റെ അളവ് അല്‍പം കുറഞ്ഞിട്ടുണ്ട്. മഴ പെയ്തതോടെ വായു ഗുണനിലവാരം നേരിയതോതില്‍ മെച്ചപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷമലിനീകരണത്തിന് പരിഹാരം കണ്ടെത്താനായി കാണ്‍പൂര്‍ ഐ.ഐ.ടി.യുടെ സഹായത്തോടെ കൃത്രിമ മഴ പെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കത്തിനിടെയാണ്നേരിയ തോതിലെങ്കിലും മഴലഭിച്ചത്.
ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനീകരമായ കണങ്ങളുടെ അളവിന്റെ നൂറുമടങ്ങാണ് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിലെ ഡല്‍ഹിയിലെ മലിനീകരണതോത്. സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഡല്‍ഹിയിലെ മൊത്തം വായുഗുണനിലവാരം 407 ആണ്.
അശോക് വിഹാര്‍(443), ആനന്ദ് വിഹാര്‍(436), ബവാന(433), രോഹിണി(429), പഞ്ചാബി ബാഗ്(422) എന്നിവിടങ്ങളിലാണ് മലിനീകരണതോത് ഏറ്റവും കൂടുതല്‍. സമീപത്തുള്ള യു.പിയിലും സ്ഥിതി ഗുരുതമാണ്. നോയിഡയില്‍ വെള്ളിയാഴ്ച്ച രാവിലെ 475, ഫരീദാബാദില്‍ 459, ഗുരുഗ്രാമില്‍ 386, ഗാസിയാബാദില്‍ 325 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. വ്യാഴാഴ്ച രാത്രിയോടെ വിവിധ മന്ത്രിമാര്‍ പ്രതിരോധ നടപടികള്‍ നേരിട്ടെത്തി വിലയിരുത്തി. വായുനിലവാരം ഉയര്‍ത്തുന്നതിനും ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനും പൊടിപടലം വര്‍ധിപ്പിക്കുന്ന നിര്‍മാണ മേഖലകളെ കുറിച്ചും സുപ്രീംകോടതി വെള്ളിയാഴ്ച്ച വിലയിരുത്തും.
മലിനീകരണം കുറയ്ക്കാന്‍ ശക്തമായ വ്യാപക മഴയാണ് ആവശ്യമെന്നും നേരിയ മഴ സ്ഥിതി കൂടുതല്‍ വഷളാകാനേ ഉപകരിക്കൂവെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ഞായറാഴ്ച ദീപാവലിക്ക് മുമ്പായി മലീനീകരണം കുറയുമെന്നാണ് കാലാവസ്ഥാ ഏജന്‍സി കണക്കാക്കുന്നത്.