യുഎഇയിൽ മഴ ശക്തമാകുന്നു; അബുദാബിയിലും ദുബായിലും ഓറഞ്ച് അലർട്ട്, വരും ദിവസങ്ങളിലും ജാഗ്രത

 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) രാജ്യത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് ലഭിക്കുന്നത്. ശക്തമായ കാറ്റും പൊടിക്കാറ്റും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ രാത്രി 8 മണി മുതൽ 10 മണി വരെയുള്ള സമയങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

മാർച്ച് 21 മുതൽ 27 വരെയുള്ള കാലയളവിൽ രാജ്യം അസ്ഥിരമായ കാലാവസ്ഥയുടെ പിടിയിലായിരിക്കുമെന്ന് എൻസിഎം പുറത്തിറക്കിയ പുതിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. പടിഞ്ഞാറ് ദിശയിൽ നിന്നുള്ള മേഘപാളികൾ എത്തുന്നതോടെ വടക്കൻ, കിഴക്കൻ മേഖലകളിലും അൽ ഐനിലും മഴ ശക്തമാകും. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) നിർദ്ദേശം നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും വെള്ളക്കെട്ടുകൾ ഉള്ള ഇടങ്ങളിൽ നിന്നും കടൽ തീരങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബുദാബി മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റ് അടിയന്തര സേവനങ്ങൾക്കായി പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ദുബായ് റോഡ് ഗതാഗത അതോറിറ്റിയും (RTA) യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.