ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശം; പോലീസിനോട് റിപ്പോർട്ട് തേടി കോടതി

 

വിവാദ പ്രസംഗത്തിൽ എം. സ്വരാജിനെതിരേ റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എം. സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമെന്നാണ് പരാതിയിലാണ് റിപ്പോർട്ട് തേടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ആണ് പരാതി നൽകിയത്.
 
2018-ൽ എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്. ആദ്യം കൊല്ലം വെസ്റ്റ് പോലീസിൽ പരാതി നൽകി. എന്നാൽ കേസ് എടുക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. സിറ്റി പോലീസ് കമ്മിഷണറും കേസ് എടുക്കാത്തതിനെത്തുടർന്ന് വിഷ്ണു കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ റിപ്പോർട്ട് തേടിയിരിക്കുന്നത്.

മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തിൽ പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമടങ്ങുന്നതായിരുന്നു സ്വരാജിന്റെ പ്രസംഗം. ഇത് വിശ്വാസത്തെ ഹനിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.