വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം; ഹോട്ടലുകൾക്ക് മുൻപ് ലഭിച്ചിരുന്നതിന്റെ 40 ശതമാനം അനുവദിക്കും

 

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പാചകവാതക വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, കേരളത്തിലും എൽപിജി വിതരണത്തിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് മുൻപ് അനുവദിച്ചിരുന്നതിന്റെ 40 ശതമാനം സിലിണ്ടറുകൾ മാത്രമേ ഇനി ലഭ്യമാകൂ. കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണം.

മുൻഗണനാ മേഖലകൾ: ആശുപത്രികൾ, അംഗണവാടികൾ, സ്കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ, സ്കൂൾ-കോളേജ് ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ (സുഭിക്ഷ ഹോട്ടലുകൾ), വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവയെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകൾക്ക് ആവശ്യമായ സിലിണ്ടറുകൾ തടസ്സമില്ലാതെ ലഭ്യമാക്കും.

മറ്റ് വിതരണ ക്രമീകരണങ്ങൾ:

  • ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ: ആവശ്യമായതിന്റെ 40 ശതമാനം.

  • മരുന്ന് കമ്പനികൾ, മത്സ്യമേഖല, റെയിൽവേ, എയർലൈൻ കാറ്ററിംഗ്: ആവശ്യമായതിന്റെ 70 ശതമാനം.

സിറ്റി ഗ്യാസ് (CGD) സൗകര്യമുള്ള പ്രദേശങ്ങളിലെ എല്ലാ വാണിജ്യ/ഇൻഡസ്ട്രിയൽ ഉപഭോക്താക്കളും ഉടൻ തന്നെ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനായി അപേക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അടിയന്തര ആവശ്യങ്ങൾക്കും വിവരങ്ങൾക്കുമായി www.lpgtrackerkerala.in എന്ന വെബ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. മേഖലയിലെ സംഘർഷം ഇന്ധന ഇറക്കുമതിയെ ബാധിച്ചേക്കാം എന്ന മുൻകരുതലിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ.