10 സെക്കൻഡിനുള്ളിൽ മറുപടി; അസ്ഥിരമായ കാലാവസ്ഥയിൽ ജനങ്ങൾക്ക് തുണയായി ദുബൈ പൊലീസ്
യുഎഇയിൽ അനുഭവപ്പെട്ട അസ്ഥിരമായ കാലാവസ്ഥയിൽ ജനങ്ങൾക്ക് ആശ്വാസമേകി ദുബൈ പൊലീസിന്റെ ദ്രുതപ്രവർത്തനം. കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങൾക്കിടെ ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ലഭിച്ചത് 56,608 അടിയന്തര കോളുകളാണ്. ഇതിൽ 97 ശതമാനം കോളുകൾക്കും വെറും 10 സെക്കൻഡിനുള്ളിൽ മറുപടി നൽകാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തനനിരതമായിരുന്നു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ. 999 ഹോട്ട്‌ലൈൻ വഴി ലഭിച്ച റിപ്പോർട്ടുകൾ വിശകലനം ചെയ്ത് പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് പട്രോളിങ് യൂണിറ്റുകളെയും പ്രത്യേക സംഘങ്ങളെയും ഉടനടി അയച്ചു. വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ സിവിൽ ഡിഫൻസ്, ആംബുലൻസ് സർവീസ്, ദുബൈ മുനിസിപ്പാലിറ്റി എന്നിവരുമായി ചേർന്നാണ് പൊലീസ് നടപടികൾ ഏകോപിപ്പിച്ചത്.
ജിപിഎസ് സംവിധാനവും ഹൈ-റെസല്യൂഷൻ തത്സമയ ഫീഡുകളും ഉപയോഗിച്ച് ഫീൽഡ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന അത്യാധുനിക സംവിധാനമാണ് ദുബൈ പൊലീസിനുള്ളത്. ഓരോ അപകടസ്ഥലത്തിനും ഏറ്റവും അടുത്തുള്ള പട്രോളിങ് സംഘങ്ങളെ കാലതാമസമില്ലാതെ എത്തിക്കാൻ ഈ നൂതന സാങ്കേതികവിദ്യ സഹായിച്ചു. ദുബൈ പൊലീസിന്റെ അടിയന്തര മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഹൃദയമിടിപ്പാണ് ഈ കേന്ദ്രമെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഈ വേഗത്തിലുള്ള പ്രതികരണം നിർണ്ണായകമായി.