ശബരിമലയിൽ വരുമാനത്തിൽ വൻ വർധന; കഴിഞ്ഞ തവണത്തെക്കാൾ 15 കോടി അധികമെന്ന് ദേവസ്വം പ്രസിഡന്‍റ്

 

ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്‍റ് വിവരിച്ചത്.

കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാൽപത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു. എന്നാൽ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി പതിനൊന്ന് ) രൂപയാണ് ലഭിച്ചിരിക്കുന്നത്.

15,89,12,575 ( പതിനഞ്ച് കോടി എൺപത്തി ഒൻപത് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തി അഞ്ച് ) രൂപയുടെ അധിക വരുമാനം ലഭിച്ചെന്നാണ് ശബരിമല തീർത്ഥാടന അവലോകന യോഗത്തിന് ശേഷം ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞത്.