വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയിൽ
വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് നിയമത്തിൻറെ പേരിൽ ഭൂമി പിടിച്ചെടുക്കുകയാണെന്നും കെട്ടിടങ്ങൾ തകർക്കുകയാണെന്നുമാണ് സമസ്ത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. നിലവിലെ നടപടികൾ തടയണമെന്നും അപേക്ഷയിൽ പറയന്നു. അഭിഭാഷകൻ സുൾഫിക്കർ അലിയാണ് ഹർജി സമർപ്പിച്ചത്.
നേരത്തെ വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നാണ് സമസ്ത ഫയൽ ചെയ്ത ഹർജിയിലെ പരാതി. വഖഫ് നിയമഭേദഗതി വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുകൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഇപ്പോൾ വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് പുതിയ ഹർജി നൽകിയത്.