മദ്യനയക്കേസിൽ സഞ്ജയ് സിങിന് ജാമ്യം; തെളിവില്ല, ഇഡിക്ക് വിമർശനം

 

മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരിക്കെയാണ് ഇഡിക്ക്  കോടതിയിൽ തിരിച്ചടിയുണ്ടായത്. ഇഡിയെ വിമർശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവെവിടെയെന്ന് ചോദിച്ചു. 

മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും ഇദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാൻ സഹായമായത്. ഇഡി ആരോപിച്ച നിലയിൽ സഞ്ജയ് സിങ് കൈപ്പറ്റിയെന്ന് പറയുന്ന പണം കണ്ടെത്താൻ കഴിയാതിരുന്നതും ജാമ്യം ലഭിക്കുന്നതിൽ നിർണായകമായി. ജാമ്യത്തിലിറങ്ങുന്ന സഞ്ജയ് സിങിന് രാഷ്ട്രീയ പ്രവർത്തനം നടത്താമെന്നും ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പാർട്ടിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയ കാര്യ സമിതി അംഗമായ സഞ്ജയ് സിങ് രാജ്യസഭാംഗവുമാണ്. കേസിൽ അറസ്റ്റിലായ നാല് മുതിർന്ന എഎപി നേതാക്കളിൽ ജയിൽ മോചിതനാകുന്ന ആദ്യത്തെ നേതാവാണ് ഇദ്ദേഹം.