സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥി; ചത്ത കുതിരയാണ് കോൺഗ്രസെന്ന് വെള്ളാപ്പള്ളി നടേശൻ

 

പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനെ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്ന് വിശേഷിപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
കോൺ​ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ആരെയും ഉൾക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹ നീതിയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ജയിലിൽ ആക്കാൻ ശ്രമിച്ചു. ചത്ത കുതിരയാണ് കോൺഗ്രസെന്നും അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനും കോൺ​ഗ്രസുമായി അകൽച്ചയിലാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. 

സന്ദർശനം വ്യക്തിപരമാണെന്നും അദ്ദേഹത്തെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചതെന്നും ആയിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് സരിന്റെ പ്രതികരണം. അദ്ദേഹം പറയുന്നത് കേൾക്കാനാണ് വന്നതെന്നും നല്ല മാറ്റത്തിന് വേണ്ടി ആ​ഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും സരിൻ അഭിപ്രായപ്പെട്ടു.