പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി; നടക്കുന്നത് ഭരണഘടനാ ലംഘനം; സുപ്രീം കോടതിയില്‍ ഹര്‍ജി
പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തമിഴ്‌നാട്ടില്‍നിന്നുള്ള അഡ്വ. സിആര്‍ ജയ സുകിന്‍ ആണ് പൊതു താത്പര്യഹര്‍ജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്.
ലോക്‌സഭാ സെക്രട്ടേറിയറ്റ്, കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവയാണ് എതിര്‍ കക്ഷികള്‍. പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഭരണഘടനാ ലംഘനം നടക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇറക്കിയ പത്രക്കുറിപ്പ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമാണ്. അനുച്ഛേദം 21, 79, 87 എന്നിവയുടെ ലംഘനമാണ് നടക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പാര്‍ലമെന്റാണ് രാജ്യത്തെ പരമോന്നത നിയമ നിര്‍മാണ സഭ. രാഷ്ട്രപതി, രാജ്യസഭ, ലോക്‌സഭ എന്നിവ ചേര്‍ന്നതാണ് പാര്‍ലമെന്റ്. ഇരു സഭകളും വിളിച്ചു കൂട്ടാനും പിരിച്ചുവിടാനുമുള്ള അവകാശം രാഷ്ട്രപതിക്കാണ്. പ്രധാനമന്ത്രിയെ നിയമിക്കുന്നതു രാഷ്ട്രപതിയാണ്. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുന്നതും രാഷ്ട്രപതി തന്നെയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റ് പാസാക്കുന്ന ബില്ലുകള്‍ നിയമമായി മാറുന്നത് രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.