സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഓർമ്മിപ്പിച്ച് പൊലീസ്

 

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളുമായി കേരള പൊലീസ്. ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൊലീസ് ഓർമ്മിപ്പിക്കുന്നുണ്ട്. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം.

അപരിചിതരുമായി ചങ്ങാത്തതിലാക്കുകയോ, അവർ നൽകുന്ന ഭക്ഷണം വാങ്ങി കഴിക്കുകയാ ചെയ്യരുത്. റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക... എന്നിങ്ങനെ പോകുന്നു പൊലീസിന്റെ ഓർമ്മപ്പെടുത്തലുകൾ. 

അതേസമയം, സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കൻ‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 9.30ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രവേശനോത്സവമുണ്ട്.