ദുബൈയിൽ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കുന്നു; സുരക്ഷാ മുൻകരുതൽ കർശനമാക്കി അധികൃതർ

 

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് ഒന്നര മാസത്തിലേറെയായി തുടർന്നുപോന്ന ഓൺലൈൻ പഠനത്തിന് വിരാമമിട്ട് ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ദുബൈയിലെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. വിദ്യാർത്ഥികൾ നേരിട്ട് കാമ്പസുകളിലെത്തി പഠനം പുനരാരംഭിക്കുന്നതോടെ അവരുടെ സുരക്ഷയും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും വിപുലമായ തയ്യാറെടുപ്പുകളാണ് സ്‌കൂളുകൾ പൂർത്തിയാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ പ്രത്യേക സുരക്ഷാ ബോധവൽക്കരണ ക്ലാസുകളും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മോക്ക് ഡ്രില്ലുകളും സംഘടിപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും അനുയോജ്യമായ രീതിയിൽ ലളിതവും ഫലപ്രദവുമായ പരിശീലന പരിപാടികളാണ് സ്‌കൂളുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം ഒഴിവാക്കുന്നതിനായി സ്‌കൂൾ സമയക്രമത്തിൽ പരമാവധി ഇളവുകൾ നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ ശ്രമം.

സ്‌കൂളുകൾ തുറക്കുന്നതോടെ ഗതാഗത തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നര മാസത്തെ ഇടവേള കഴിഞ്ഞ് കാമ്പസുകളിലേക്ക് മടങ്ങുന്നതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരങ്ങളിൽ കർശന നിരീക്ഷണവും പോലീസ് ഏർപ്പെടുത്തും.