മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു; കെ.എം അഷ്റഫ് ജില്ലാ ഭാരവാഹിത്വം രാജിവെച്ചു
നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് തീരുമാനം. പത്രിക പിൻവലിച്ചതിന് പിന്നാലെ കെ.എം അഷ്റഫ് പാർട്ടി ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തു.
മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിർത്തുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന രാഷ്ട്രീയ വൃത്തങ്ങളിലെയും പൊതുസമൂഹത്തിലെയും വ്യാപക വിമർശനത്തിനൊടുവിലാണ് ഈ പിന്മാറ്റം. മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്തം മുൻനിർത്തിയാണ് രാജിവെക്കുന്നതെന്ന് കെ.എം അഷ്റഫ് വ്യക്തമാക്കി. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തിലും ഭിന്നാഭിപ്രായങ്ങൾ നിലനിന്നിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മൂന്ന് മണിക്ക് മുൻപായിട്ടാണ് നടപടി പൂർത്തിയാക്കിയത്.
കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ വെറും 745 വോട്ടുകൾക്കാണ് മുസ്ലിം ലീഗിലെ എ.കെ.എം അഷ്റഫ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇത്തവണയും എ.കെ.എം അഷ്റഫും കെ. സുരേന്ദ്രനും തന്നെയാണ് പ്രധാന പോരാളികൾ. എൽ.ഡി.എഫിനായി കെ.ആർ ജയാനന്ദ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് മുൻതൂക്കം ലഭിക്കാതിരിക്കാൻ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ ഒഴിവാക്കിയ എസ്.ഡി.പി.ഐ, ഇത്തവണ ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.