പിന്തുണ തേടി ടി.ഒ. മോഹനനെത്തി; ഷാൾ അണിയിച്ച് സ്വീകരിച്ച് കെ. സുധാകരൻ

 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.ഒ. മോഹനൻ കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരന്റെ വസതിയിലെത്തി. സുധാകരന്റെ പിന്തുണയും അനുഗ്രഹവും തേടിയാണ് മുൻ മേയർ കൂടിയായ മോഹനൻ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാർത്ഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ച സുധാകരൻ, "എന്റെ വാക്ക് പാലിച്ചു" എന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

തുടർന്ന് ഇരുവരും അടച്ചിട്ട മുറിയിൽ ഏറെനേരം സംസാരിച്ചു. കണ്ണൂർ മണ്ഡലത്തിൽ കെ. സുധാകരൻ അനുകൂലികളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ കൂടിക്കാഴ്ച. ഇത്തവണ മത്സരരംഗത്തില്ലെന്ന് പ്രഖ്യാപിച്ച സുധാകരൻ, ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി സജീവമായി പ്രചാരണത്തിനിറങ്ങുമെന്നാണ് വിവരം.

മറ്റന്നാൾ ഇരിക്കൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫിന്റെ പ്രചാരണ പരിപാടികളിൽ സുധാകരൻ പങ്കെടുക്കും. തുടർന്ന് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും അദ്ദേഹം പര്യടനം നടത്തും. സുധാകരന്റെയും അനുയായികളുടെയും പ്രവർത്തനങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. സുധാകരൻ നേരിട്ട് രംഗത്തിറങ്ങുന്നത് കണ്ണൂരിലെ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം പകർന്നിട്ടുണ്ട്.