ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല: സുപ്രീം കോടതി

 

ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ദീർഘകാലം പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട സ്‌ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മുംബയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്നയാൾക്കെതിരെ വനിത എന് ജാദവ് എന്ന സ്‌ത്രീ നൽകിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ അതിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും കോടതി പറഞ്ഞു.

2008ലാണ് വിധവയായ വനിതാ ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. വിവാഹ വാഗ്ദാനം നൽകിയാണ് താനുമായി ഖരെ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വനിതയുടെ പരാതി. ഖരെയുടെ ഭാര്യ വനിതയ്‌‌ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിരുന്നു. തുടർന്ന് 2017 മാർച്ചിലാണ് ജാദവ് ഖരെയ്‌ക്കെതിരെ ബലാത്സംഗ പരാതി നൽകിയത്.