കള്ളമുഖംമൂടിയിട്ടാണ് മുകേഷ് ആ കസേരയില്‍ ഇരിക്കുന്നത്: പരാതിക്കാരി

 

ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസെടുത്തതില്‍ പ്രതികരണവുമായി പരാതിക്കാരി. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.

ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

മുകേഷ് എം.എല്‍.എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും മനസ്സ് വിങ്ങിയാണ് ജീവിച്ചതെന്നും സര്‍ക്കാറിന്റെയും പോലീസിന്റെയും പിന്തുണ ആത്മവിശ്വാസം നല്‍കുന്നുവെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

അവരുടെ വാക്കുകള്‍

പ്രശ്‌നം വരുമ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല. ഭാര്യമാര്‍ മര്യാദയ്ക്ക് പരിപാലിച്ചില്ലെങ്കില്‍ ഭര്‍ത്താക്കന്‍മാര്‍ പുറത്തുപോകും. ഒരു ഭര്‍ത്താവ് മറ്റുള്ള പെണ്ണുങ്ങളെ തേടി പുറത്തുപോകുന്നത് ഭാര്യമാരുടെ കുറവ് കൊണ്ടായിരിക്കും. തെളിവുകള്‍ എന്റെ കയ്യിലുണ്ട്. മുന്‍പ് പരാതികൊടുക്കാന്‍ സാഹചര്യമില്ലായിരുന്നു. ഇന്ന് ജനം മാറി, സര്‍ക്കാര്‍ മാറി, നിയമം മാറി. അതുകൊണ്ടാണ് പരാതി കൊടുത്തത്. സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരെയും പീഡിപ്പിക്കുന്നുണ്ട്.

പാര്‍ട്ടിയും മുകേഷിന്റെ കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ല. പോലീസിന്റെ പിന്തുണയുണ്ട്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം. ഞാന്‍ മാത്രമല്ലല്ലോ എത്ര പേരാണ് അദ്ദേഹത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ഒരു കള്ള മുഖം മൂടി വച്ചാണ് കസേരയില്‍ ഇരിക്കുന്നത്. എം.എല്‍.എ ആയിരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. പതിമൂന്ന് വര്‍ഷം മനസ്സ് വിങ്ങിയാണ് ജീവിക്കുന്നത്. എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ ആശ്വാസമുണ്ട്. എനിക്ക് നീതികിട്ടുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിന്തുണയുമായി രംഗത്ത് വന്നതോടെയാണ് ഞങ്ങള്‍ എല്ലാവര്‍ക്കും ആശ്വാസമായത്.

ജയസൂര്യയ്‌ക്കെതിരേയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.

ജയസൂര്യ എന്നെ സെക്രട്ടേറിയേറ്റിന്റെ അകത്ത് വച്ചാണ് ഉപദ്രവിച്ചത്. ബാത്ത് റൂമിലേക്ക് പോകുന്ന വഴിയില്‍ വച്ചായിരുന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. പക്ഷേ അക്കാലത്ത് ഞാന്‍ അത് പലരോടും തുറന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ സാക്ഷി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്- പരാതിക്കാരി പറഞ്ഞു.