എസ്എഫ്‌ഐഒ അന്വേഷണം; 'ഒളിക്കാനില്ലെങ്കിൽ എന്തിന് ഭയക്കണം';കെഎസ്ഐഡിസിയുടെ ആവശ്യം തള്ളി ഹൈക്കോടതി
വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി ഹൈക്കോടതിയിൽ. കെഎസ്‌ഐഡിസിയിലെ എസ്എഫ്‌ഐഒ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. കേസ് 12ന് വീണ്ടും പരിഗണിക്കും. ഓർഡർ തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്.
കെഎസ്‌ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും കെഎസ്‌ഐഡിസിയോട് ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിയ്ക്കാനില്ലെങ്കിൽ പിന്നെന്തിന് ഭയക്കണമെന്ന് കെ.എസ്.ഐ.ഡി സിയോട് കോടതി ചോദിച്ചു. എന്നാൽ നാളെയും മറ്റന്നാളും പരിശോധനയുണ്ടെന്നാണറിവെന്നായിരുന്നു കെ.എസ്.ഐ.ഡി.സിയുടെ മറുപടി. ഹർജി തള്ളിയ കോടതി 12ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. അൽപ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്.