ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ
കൊടുംകുറ്റവാളിയും സൗമ്യ കൊലക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുമായ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി. ഭയാനകമായ വീഴ്ചയാണ് സംഭവിച്ചതെന്നും സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സംവിധാനങ്ങൾ, പരാജയ സങ്കൽപങ്ങളുടെ പൂർണതയിലേക്ക് എത്തിയിരിക്കുകയാണ്. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും സംവിധാനത്തിൻറെ പരാജയമാണെന്നാണ് പറയുന്നത്.
ജയിലിലെ ഏറ്റവും സുരക്ഷയുള്ള ബ്ലോക്കിൻറെ സ്ഥിതി ഇതാണെങ്കിൽ മറ്റ് സ്ഥലങ്ങളിലെ അവസ്ഥ എന്താകും. കൊടും കുറ്റവാളിക്ക് രക്ഷപ്പെടാൻ സാധിച്ചു. അംഗവൈകല്യമുള്ള ഒരാൾക്ക് ജയിലിന് അകത്തും പുറത്തും നിന്നും സഹായം ലഭിച്ചിട്ടുണ്ട്. ജയിലിൽ രാത്രി സുരക്ഷാ ജീവനക്കാറില്ലേ?. സെല്ലിൽ നിന്ന് എങ്ങനെയാണ് തടവുകാരൻ പുറത്തുചാടിയത്‍?. രാത്രി ഒന്നേകാലിന് ശേഷം തടവുകാരൻ രക്ഷപ്പെട്ടിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസിനെ അറിയിച്ചത്. ഗോവിന്ദച്ചാമി തടിച്ചു കൊഴുക്കുന്നുവെന്ന് വികാരം കൊള്ളുന്ന പൊതുസമൂഹമാണ് നാട്ടിലുള്ളത്. കൊടുംകുറ്റവാളി ജയിൽ ചാടിയിൽ നീതിന്യായ വ്യവസ്ഥയിലും ശിക്ഷയിലും എങ്ങനെ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാവുകയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.