ഛായാഗ്രഹണത്തിന് ഓസ്‌കർ നേടുന്ന ആദ്യ വനിത; ചരിത്രം രചിച്ച് ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ്
98-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ സിനിമാ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ് (Autumn Durald Arkapaw). ഛായാഗ്രഹണത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടുന്ന ആദ്യ വനിത എന്ന ഐതിഹാസിക നേട്ടമാണ് ഹൊറർ-ത്രില്ലർ ചിത്രമായ 'സിന്നേഴ്‌സി'ലൂടെ (Sinners) ഇവർ സ്വന്തമാക്കിയത്. കൂടാതെ, IMAX 65mm, അൾട്രാ പാനവിഷൻ ക്യാമറകൾ ഉപയോഗിച്ച് ഒരു സിനിമ പൂർണ്ണമായി ചിത്രീകരിക്കുന്ന ആദ്യ വനിതാ ഛായാഗ്രാഹക എന്ന വിശേഷണവും ആർക്കപോവിന് ലഭിച്ചു.
ഫിലിപ്പിനോ, ആഫ്രിക്കൻ അമേരിക്കൻ ക്രിയോൾ വംശജയായ ആർക്കപോവ് ഈ വിഭാഗത്തിൽ നേട്ടം കൈവരിക്കുന്ന ആദ്യ കറുത്തവർഗ്ഗക്കാരി കൂടിയാണ്. ഇതിനുമുമ്പ് മൂന്ന് വനിതകൾക്ക് മാത്രമാണ് ഈ വിഭാഗത്തിൽ നാമനിർദ്ദേശം ലഭിച്ചിട്ടുള്ളത്. റേച്ചൽ മോറിസൺ (2018), ഏരിയ വെഗ്‌നർ (2021), മാൻഡി വാക്കർ (2022) എന്നിവരായിരുന്നു അവർ.
പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് വൈകാരികമായാണ് ആർക്കപോവ് സംസാരിച്ചത്. തന്റെ ഈ നേട്ടം സിനിമാ രംഗത്തുള്ള മറ്റ് വനിതകൾ നൽകിയ പിന്തുണ കൊണ്ടാണെന്നും, വരും തലമുറയ്ക്ക് ഇതൊരു പ്രചോദനമാകുമെന്നും അവർ പറഞ്ഞു. സംവിധായകൻ റയാൻ കൂഗ്ലറുമായുള്ള ആർക്കപോവിന്റെ രണ്ടാമത്തെ ചിത്രമാണ് 'സിന്നേഴ്‌സ്'. നേരത്തെ 'ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ' എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ചിത്രം, സംവിധായകൻ, നടൻ ഉൾപ്പെടെ 16 ഓസ്‌കാർ നാമനിർദ്ദേശങ്ങൾ നേടി 'സിന്നേഴ്‌സ്' ഈ വർഷത്തെ ഓസ്‌കറിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.