സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകാൻ സാധ്യത; കോൺഗ്രസ്‌ ഹൈക്കമാൻഡ് ഉടനെ തീരുമാനം പ്രഖ്യാപിക്കും

 

മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും. നിലവിൽ ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ ശേഷം അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇന്നു രാത്രിയോടെ സോണിയ ഡല്‍ഹിയിലെത്തുമെന്നാണ‌ു സൂചന. തുടർന്ന് സിദ്ധരാമയ്യയുമായും കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറുമായും സോണിയ ഗാന്ധി ചർച്ച നടത്തും. ഇതിനു ശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാറിനെ അറിയിച്ചിട്ടുണ്ട്. പാർലമെന്ററി പാർട്ടിയിൽ സിദ്ധരാമയ്യയ്ക്കാണ് ഭൂരിപക്ഷമെന്ന് ഡികെയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയാവാൻ പരിഗണനയിലുണ്ടായിരുന്ന ഡികെയുടെ പക്ഷത്തിന് മന്ത്രിസഭയിൽ പ്രധാനവകുപ്പുകൾ നൽകിയേക്കും. മല്ലികാർജുൻ ഖർഗെയും ഡികെയും തമ്മിലുള്ള ചർച്ച പൂർത്തിയായിട്ടുണ്ട്. 

മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തുകയാണ്. ചില എംഎൽഎമാരും അദ്ദേഹത്തിനൊപ്പമുണ്ട്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചർച്ച നടന്നത്. രാഹുൽ ഗാന്ധിയുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. എന്നാൽ സോണിയ ഗാന്ധി പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണു ഡികെ.