'സിദ്ധരാമയ്യ രാജിവെക്കണം'; പ്രതിഷേധ മുന്നറിയിപ്പുമായി പ്രതിപക്ഷം  

 

മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും രം​ഗത്ത്. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) സ്ഥലം അനുവദിച്ച കേസിൽ കർണാടക മുഖ്യമന്ത്രിക്കെതിരെ പൊലീസ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടതോടെയാണ് പ്രതിഷേധം.  കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു.

സിദ്ധരാമയ്യ രാജിവെക്കണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തും. അന്വേഷണം നടത്തണമെന്ന പ്രത്യേക കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും വിജയേന്ദ്ര പറഞ്ഞു. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ ജെഡി(എസ്) നേതാക്കളും പ്രവർത്തകരും ഫ്രീഡം പാർക്കിൽ പ്രകടനം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.

മുഡ ഭൂമി ഇടപാട് അഴിമതി കേസിൽ സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. 3 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്.

സാധാരണ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.