സിദ്ധാർത്ഥൻ്റെ മരണം; പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റി,  അന്വേഷണ കമ്മീഷൻ റിപ്പോർട്ട് 

 

സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ നാരായണൻ, മുൻ അസി. വാഡൻ പ്രൊഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. റിപ്പോട്ട് അന്വേഷണ കമ്മീഷൻ വൈസ് ചാൻസലർക്ക് കൈമാറി.

വിഷയത്തിൽ ഡീൻ എംകെ നാരായണൻ കൃത്യമായി ഇടപെട്ടില്ല. അസി. വാഡൻ ഹോസ്റ്റലിൽ ഒന്നും ശ്രദ്ധിച്ചില്ല. 
വിദ്യാർത്ഥികളുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നാണ് അന്വേഷണ കമ്മീഷൻ വിമർശനം. ഇരുവരും നിലവിൽ സസ്പെഷനിലാണ്. വെറ്റിനറി സർവകലാശാല വിസി നിയമിച്ചത് 3 അംഗ കമ്മീഷനെയാണ്. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായത് പൂക്കോട് ക്യാമ്പസിൽ വച്ചാണ്. ചുമതലയുളള ഡീനും ഹോസ്റ്റൽ ചുമതലയുള്ള അസി. വാഡനും വീഴ്ച പറ്റിയെന്ന് കാട്ടി സർവകലാശാല ഇരുവരേയും സസ്പെൻഡ് ചെയ്തിരുന്നു.

കൂടുതൽ നടപടി സ്വീകരിക്കണോ എന്ന് പരിശോധിക്കാനാണ് വൈസ് ചാൻസലറായിരുന്ന പിസി ശശീന്ദ്രൻ മൂന്നംഗ അന്വേഷണ കമ്മീഷനെ വച്ചത്. മാർച്ച് 6നാണ് കമ്മീഷനെ വച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. അക്കാദമിക് ഡയറക്ടർ സി ലത അധ്യക്ഷയായുള്ള കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചു.