സിദ്ധാര്‍ത്ഥിന്റെ മരണം: റാഗിങ് പരാതി, രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

 

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ റാഗിങിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കോളജിലെ മറ്റൊരു റാ​ഗിങ് പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ നടപടിയെടുത്തിരുന്നത്. നാലാംവർഷ വിദ്യാർത്ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷൻ ആണ് സ്റ്റേ ചെയ്തത്.

സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ തെളിവുകളോ പരാതിയോ ആൻറി റാഗിംങ് സമിതിക്ക് കിട്ടിയിരുന്നില്ല. സിദ്ധാർത്ഥൻറെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പേരിൽ ഈ വിദ്യാർത്ഥികളെയും സർവകലാശാല അധികൃതർ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.