സിദ്ധിഖിനെ കൂവിയത് അപരിഷ്കൃതം; അന്തസ്സില്ലായ്മ കാട്ടിയെന്ന് രമേശ് ചെന്നിത്തല
വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ധിഖ് എംഎൽഎ സംസാരിക്കവേ സി പി എം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ രൂക്ഷമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദുരന്തമുഖത്ത് രാപ്പകലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചത് ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ കണ്ണും കാതുമായി നിന്ന വ്യക്തിയെ ഔദ്യോഗിക വേദിയിൽ സി പി എം പ്രവർത്തകരെക്കൊണ്ട് കൂവിച്ച് അപമാനിച്ചത് അപരിഷ്കൃതത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിജീവനത്തിന്റെ വേളകളിൽ പോലും സി പി എം രാഷ്ട്രീയം കലർത്തുകയാണെന്ന് ചെന്നിത്തല വിമർശിച്ചു. ദുരന്തമുഖത്ത് രാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കുന്നതാണ് മലയാളിയുടെ രീതിയെന്നും എന്നാൽ സി പി എം ആ അന്തസ്സ് കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിന് തക്കതായ മറുപടി ജനങ്ങൾ നൽകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ടൗൺഷിപ്പ് പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു.
അതേസമയം, ചടങ്ങിലുണ്ടായ കൂവൽ മനോവിഷമം ഉണ്ടാക്കിയെന്ന് ടി. സിദ്ധിഖ് എംഎൽഎ പ്രതികരിച്ചു. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും എന്നാൽ ദുരന്തത്തിന് ഇരയായ ഒരാൾ പോലും തനിക്കെതിരെ ശബ്ദമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനൊപ്പം നിന്ന് പ്രവർത്തിച്ച തന്നെ അപമാനിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഗത പ്രസംഗത്തിലും തുടർന്ന് സിദ്ധിഖ് സംസാരിച്ചപ്പോഴും സദസ്സിലെ ഒരു വിഭാഗം കൂക്കിവിളികളുമായി രംഗത്തെത്തിയിരുന്നു.