വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തെന്നി വീണു; എയർ ഇന്ത്യ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

 

വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പടിയിൽ നിന്ന് വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. എയർ ഇന്ത്യയുടെ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന രാം പ്രകാശ് സിങ് (56) ആണ് മരിച്ചത്. 

നവംബർ 6ന് രാത്രി ടെർമിനൽ-3 യിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം. പടിയിൽ നിന്ന് തെന്നി നിലത്തേക്ക് വീണ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഐജിഐ) ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു. 

‘എയർ ഇന്ത്യ ജീവനക്കാർ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു’– ഡിസിപി പറഞ്ഞു. സ്ഥലത്ത് പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.