തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടില്ല: ആവശ്യം തള്ളി സുപ്രീം കോടതി

 

തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, രാജേഷ് ബിന്ദാല്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ആവശ്യം തള്ളിയത്.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് ലഭിച്ച അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയെ അനുവദിക്കണം എന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ പരാതികളുമായി ഹൈക്കോടതികളെ സമീപിക്കാം എന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.

ഈ ഉത്തരവില്‍ വ്യക്തത തേടി ഫാദര്‍ ഗീവര്‍ഗീസ് തോമസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സാധാരണക്കാരായ നിരവധിപേരെ ബാധിക്കുന്ന വിഷയം ആണെന്നും അവര്‍ക്കായി സിരിജഗന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടണമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ ബിജു ചൂണ്ടിക്കാട്ടി.

തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരത്തിനായി നല്‍കിയ അപേക്ഷകള്‍ തീരുമാനമാകാതെ കെട്ടി കിടക്കുന്നുവെന്ന വാര്‍ത്തയും സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ വി കെ ബിജു ചൂണ്ടിക്കാട്ടി. എന്നാല്‍ ഇടക്കാല ഉത്തരവിലൂടെ താത്കാലിക ക്രമീകരണം എന്ന നിലയില്‍ ആണ് സിരിജഗന്‍ കമ്മിറ്റി രൂപീകരിച്ചത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

2019-ലെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകള്‍ പരിഗണിക്കേണ്ടത് ഹൈക്കോടതി ആണെന്ന വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. അന്തിമ ഉത്തരവ് ഇറക്കിയ സാഹചര്യത്തില്‍ ഇനി ഇതില്‍ ഒരു മാറ്റം വരുത്താന്‍ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു.