ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽപ്പെട്ടാൽ കർശന നടപടി; ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി ഗതാഗത കമ്മീഷണർ

 

ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി.

1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുള്ളതാണ്.

ഇപ്പോൾ കൂടുതൽ നിർദേശം ഉൾപ്പെടുത്തിയാണ് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു സർക്കുലർ ഇറക്കിയത്. അപകടത്തിൽപെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ ആ വിവരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കണം. ഇതിനായി രേഖാമൂലം തന്നെ ആർടിഒ നടപടികൾ സ്വീകരിക്കണം. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.