നേപ്പാളില്‍ ഇന്നലെയുണ്ടായത് ശക്തമായ ഭൂകമ്പം; 69 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

 

 

നേപ്പാളില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂകമ്പത്തില്‍ 69 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് നേപ്പാളില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ജജര്‍കോട്ട് ജില്ലയിലെ ലാമിദണ്ഡ മേഖലയാണ് എന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കുറഞ്ഞത് 34 പേരെങ്കിലും കൊല്ലപ്പെട്ടതായി ജജര്‍കോട്ടിലെ ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സമീപ പ്രദേശമായ രുക്കും വെസ്റ്റ് ജില്ലയില്‍ കുറഞ്ഞത് 35 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനുമായി രാജ്യത്തെ മൂന്ന് സുരക്ഷാ ഏജന്‍സികളെയും അണിനിരത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്റെ ഓഫീസ് അറിയിച്ചു. ദൈലേഖ്, സല്യാന്‍, റോള്‍പ ജില്ലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളില്‍ നിന്നും നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.