പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സാധിക്കും; മുനമ്പം ഒരു നോവിൻ തീരമാകാതെ പരിഹരിക്കാൻ പിന്തുണയുണ്ടാകുമെന്ന് മുസ്ലിം ലീഗ്
മുനമ്പം വിഷയത്തില്‍ ലത്തീന്‍ മെത്രാന്‍ സമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സര്‍ക്കാര്‍ ഇടപെട്ട് സമ്പൂര്‍ണ പരിഹാരമുണ്ടാകണമെന്ന യോജിച്ച തീരുമാനമാണ് ചര്‍ച്ചയിലുണ്ടായത്. മതമൈത്രി സംരക്ഷിക്കപ്പെടണമെന്ന അഭിലാഷം യോഗത്തിലുടനീളം എല്ലാവരും ഒറ്റക്കെട്ടായി പ്രകടിപ്പിച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടയാളുകളുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രശനത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണം. നേരത്തെ ഫാറൂഖ് കോളജ് കമ്മിറ്റിയുമായും മതസംഘടനകളുമായും ചര്‍ച്ച ചെയ്തപ്പോളും സമാനമായ അഭിപ്രായമാണ് ഉയര്‍ന്നത്. സര്‍ക്കാരിന്‍റെ ഇടപെടല്‍ വൈകരുത്. മുനമ്പം ഒരു നോവിന്‍ തീരമാകാതെ പരിഹരിക്കാന്‍ എല്ലാവരുടെയും ഉപേക്ഷയില്ലാത്ത പിന്തുണയുണ്ടാകുമെന്നത് തീര്‍ച്ചയാണ്. അതിന് മുന്നിട്ടിറങ്ങുകയെന്ന ബാധ്യത ഇനിയും വൈകാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ കൊച്ചിയിലെത്തിയാണ് ലത്തീൻ സഭാ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയത്തിൽ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കള്‍ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയിൽ പങ്കെടുത്തു.
ലീഗ് - ലത്തീൻ സഭ ചർച്ചയിൽ സമവായ ധാരണയായിട്ടുണ്ട്. നിർദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചര്‍ച്ചയിൽ തീരുമാനമായി. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കൾ എത്തിയത് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു മാനുഷിക പ്രശ്നമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങൾക്കൊപ്പം നിൽക്കുന്നു എന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.