കതിരൂര്‍ മനോജ് വധം: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐ ആവശ്യം സുപ്രീംകോടതി തള്ളി

 

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. സിബിഐയുടെ ആവശ്യത്തിനുപിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കക്ഷി ചേര്‍ക്കാന്‍ നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്. സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. അതിനാല്‍ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നതുവഴി സിബിഐ ഒരു സന്ദേശമാണ് നല്‍കുന്നതെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ പ്രതികള്‍ വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കുമോ എന്ന ആശങ്കയാണോ സിബിഐക്കുള്ളതെന്നും സുപ്രീംകോടതി ആരാഞ്ഞു.

2014ല്‍ നടന്ന കൊലപാതകത്തില്‍ എന്തുകൊണ്ടാണ് വിചാരണ ഇത്രയും വൈകിയത് എന്ന് കോടതി ചോദിച്ചു. വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ഹര്‍ജി 2018 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് സിബിഐയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. വിചാരണ വൈകാന്‍ ഇത്തരം ഹര്‍ജികളും കാരണമല്ലേയെന്ന് കോടതി ചോദിച്ചു.