തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

 

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബുവിന് തിരിച്ചടി. ബാബുവിന് എതിരായ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതിയിലെ നടപടികള്‍ തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കി. എം.സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കെ.ബാബു നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ കെ.ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നതാണ് ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹർജിയിൽ പറയുന്നു.

തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ് കെ.ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നാണ് സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നത്. വോട്ട് അഭ്യര്‍ഥിച്ചുള്ള സ്ലിപ്പില്‍ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് നിലനില്‍ക്കില്ലെന്ന കെ.ബാബുവിന്റെ തടസവാദമാണ് ഹൈക്കോടതി നേരത്തേ തള്ളിയത്.