ഗുജറാത്ത് സർവകലാശാലയുടെ മാനനഷ്ടക്കേസ്; അരവിന്ദ് കെജ്‍രിവാളിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

 

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദത്തെക്കുറിച്ചുള്ള പരാമർശത്തിൽ ഗുജറാത്ത് സർവകലാശാല രജിസ്ട്രാർ നൽകിയ മാനനഷ്ടക്കേസ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ ഹർജി സുപ്രീം കോടതി തള്ളി.

മാനനഷ്ടക്കേസിൽ നൽകിയ സമൻസ് ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് മുൻ ഡൽഹി മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ നടപടികൾ ചോദ്യം ചെയ്ത് നേരത്തെ കേസില്‍ ഉൾപ്പെട്ട സഞ്ജയ് സിംഗ് സമർപ്പിച്ച ഹർജി ഈ വർഷം ഏപ്രിലിൽ സുപ്രീം കോടതി തള്ളിയിരുന്നു.

ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് കെജ്‍രിവാളിന്‍റെ ഹർജിയും തള്ളിയത്. എല്ലാ തർക്കങ്ങളും വിചാരണയിൽ തീർപ്പുകൽപ്പിക്കാമെന്നും വിഷയത്തിൻ്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മോദിയുടെ ബിരുദം സർവകലാശാല പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ബിരുദം വ്യാജമായതുകൊണ്ടാണോ എന്നും കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിങ്‌വി ചോദ്യം ഉന്നയിച്ചു. പ്രസ്താവന അപകീർത്തികരമാണെങ്കിൽ, ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യേണ്ടത് മോദിക്ക് വേണ്ടിയാണെന്നും ഗുജറാത്ത് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് വേണ്ടിയല്ലെന്നും സിങ്‌വി കൂട്ടിച്ചേർത്തു. പ്രസ്താവനകൾ ഒരു കാരണവശാലും സർവകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജയ് സിംഗ് കേസിൽ പുറപ്പെടുവിച്ച ഉത്തരവാണ് യൂണിവേഴ്സിറ്റിക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയത് സഞ്ജയ് സിംഗിന്‍റെ പ്രസ്താവനകൾ വ്യത്യസ്തമാണെന്ന് ഇതോടെ ഡോ. അഭിഷേക് മനു സിങ്‌വി വാദിച്ചു. ഒരു ഘട്ടത്തിൽ, തന്‍റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കാൻ കെജ്‌രിവാൾ തയ്യാറാണെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഇതിനെ ശക്തമായി എതിർത്ത സോളിസിറ്റർ ജനറൽ, പരാതിക്കാരന് അശ്രദ്ധമായി പ്രസ്താവനകൾ നടത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യുന്ന ശീലമുണ്ടെന്നും മറുപടി നല്‍കി.