അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: കാലിക്കറ്റ് സര്‍വകലാശാലയുടെ സംവരണ നയം സുപ്രീംകോടതി തള്ളി 

 

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ പിന്തുടര്‍ന്ന സംവരണ നയം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സര്‍വകലാശാല നല്‍കിയ ഹര്‍ജി തള്ളിയത്. കേരള ഹൈക്കോടതി വിധിക്ക് എതിരെയാണ് സര്‍വകലാശാല സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ തെറ്റായ രീതിയിലാണ് ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കുന്നതെന്നായിരുന്നു ഹൈക്കോടതി വിധി. ഭിന്നശേഷി സംവരണത്തിനായി റോസ്റ്റര്‍ പോയിന്റുകള്‍ തെറ്റായ രീതിയില്‍ കണക്കാക്കുന്നതിനാല്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സംവരണത്തിന് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടപെടുന്നവെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നത്. തെറ്റായ രീതിയില്‍ അംഗപരിമിത സംവരണം നടപ്പാക്കിയതിനാല്‍ നിയമനത്തില്‍ ഈഴവ സമുദായത്തിന്റെ സംവരണ ഊഴം നഷ്ടപെട്ടെന്നും ലഭിക്കേണ്ട നിയമനം നല്‍കിയില്ലെന്നും കാണിച്ച് ഉദ്യോഗാര്‍ഥിയായ ഡോ. കെ.പി. അനുപമ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. ഈ വിധി ചോദ്യം ചെയ്താണ് സര്‍വകലാശാല സുപ്രീംകോടതിയെ സമീപിച്ചത്. റോസ്റ്റര്‍ പോയിന്റുകള്‍ നല്‍കുന്നതില്‍ സര്‍വകലാശാല പിന്തുടരുന്ന നയം ഇന്ദിരാ സാഹ്നി വിധിക്ക് എതിരാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് സര്‍വകലാശാലയുടെ അപ്പീല്‍ തള്ളിയത്.