രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശം അനുചിതമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായ പരാമർശം അനുചിതമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. രാജ്യത്തെ പ്രതിപക്ഷ നേതാവിനെതിരെ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടാകുന്നത് ജനാധിപത്യത്തിൻറെ അന്തസത്തക്ക് വിരുദ്ധമാണ്. പാർലമെൻറിൽ പ്രതിപക്ഷ നേതാവിന് ഭരണഘടന നൽകുന്ന അധികാരവും അവകാശവും പ്രതിപക്ഷ നേതാവിന് ജനങ്ങളോടുളള ഉത്തരവാദിത്വവും സുപ്രീംകോടതി കണക്കിലെടുക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
രാജ്യത്തേയും രാജ്യസുരക്ഷയേയും ജനങ്ങളെയും സംബന്ധിച്ചുളള വിഷയങ്ങൾ പൊതുജന മദ്ധ്യത്തിൽ കൊണ്ട് വരികയെന്ന പ്രതിപക്ഷ നേതാവിൻറെ ധർമ്മമാണ് രാഹുൽഗാന്ധി നിറവേറ്റിയത്. രാജ്യത്ത് പ്രതിപക്ഷ നേതാവിൻറെ അഭിപ്രായങ്ങളെയും വിമർശനങ്ങളെയും വിലയിരുത്തേണ്ടത് ജനാധിപത്യത്തെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിയാവണം.
രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഒരു അച്ഛൻറെയും മുത്തശ്ശിയുടെയും പാത പിന്തുടർന്ന് രാജ്യനന്മക്കും ജനക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ അതിൻറെ അർത്ഥത്തിലും വ്യാപ്തിയിലും ഉൾക്കൊളേളണ്ടതും അതിൻറെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കേണ്ടതുമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവിനു സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നതിനുളള അധികാരവും അവകാശവും ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട് എന്നും പ്രേമചന്ദ്രൻ പറഞ്ഞു.