മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനിൽ ഹാജരായി

 

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്യുന്നു. സ്റ്റേഷനിലെ 'ആധുനിക ചോദ്യം ചെയ്യൽ മുറി'യിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ ശീതീകരിച്ച മുറിയിലുണ്ട്. 

സുരേഷ് ഗോപിക്കെതിരായ നടപടി പൊലീസ് വേട്ടയാടലാണെന്നാരോപിച്ച് നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് നടക്കാവിൽ പ്രതിഷേധവുമായി എത്തിയത്. 'വേട്ടയാടാൻ അനുവദിക്കില്ല, കോഴിക്കോട് എസ് ജിക്കൊപ്പം' എന്നെഴുതിയ പ്ലക്കാർഡുകളും കൈയിലേന്തിയാണ് പ്രവർത്തകരെത്തിയത്. സുരേഷ് ഗോപി നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് മുന്നിൽനിന്ന് ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കൊപ്പം പദയാത്രയായി നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പദയാത്രക്ക് സുരേഷ് ഗോപി എത്തിയില്ല. രാവിലെ പത്തോടെ തന്നെ പ്രവർത്തകർ ഇവിടെയെത്തി. 

സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ രാവിലെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇതിനുപിന്നാലെ 11ഓടെ നടക്കാവ് സ്റ്റേഷനിലേക്ക് പദയാത്ര ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പ്ലക്കാർഡുകളുമേന്തി പദയാത്ര നടത്തിയത്. ഇംഗ്ലീഷ് പള്ളി മുതൽ നടക്കാവ് സ്റ്റേഷൻ വരെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് കൊണ്ട് സുരക്ഷയൊരുക്കിയിരുന്നു. പദയാത്ര നടക്കാവ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. ഇത് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റത്തിനിടയാക്കി. ഇതിനുശേഷമാണ് സുരേഷ് ഗോപി വാഹനത്തിൽ സ്റ്റേഷന് മുന്നിലെത്തിയത്. സുരേഷ് ഗോപിയെത്തിയപ്പോഴും പ്രവർത്തകർ മുദ്രാവാക്യം വിളികൾ തുടർന്നു. തുടർന്ന് നേതാക്കൾക്കൊപ്പം സുരേഷ് ഗോപി സ്റ്റേഷനുള്ളിലേക്ക് പോവുകയായിരുന്നു.