'തൃശൂരിൻറെ മാത്രമല്ല തമിഴ്നാടിൻറെ കാര്യങ്ങൾ കൂടി നോക്കും, അവർ ലോക്സഭയിൽ ചാണകത്തെ സഹിക്കട്ടെ': സുരേഷ് ഗോപി

 

സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. ഇന്ന് വൈകിട്ട് 6.55ന് ഡൽഹിയിൽ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും ഇക്കാര്യത്തിൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രവർത്തകർ. അതേസമയം, തൃശൂരിൻറെ മാത്രമല്ല, താൻ തമിഴ്‌നാടിൻറെ കാര്യങ്ങൾ കൂടി നോക്കുന്ന എംപിയായിരിക്കുമെന്നും കർണാടകക്ക് തന്നേക്കാൾ കഴിവുള്ള നേതാക്കളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 

തമിഴ്‌നാട്ടിൽ നിന്നും ബിജെപി എംപി ഇല്ലാത്ത സാഹചര്യത്തിൽ കൂടിയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. തൃശൂർ പൂര വിവാദത്തിൽ കമ്മിഷണറേയും കലക്ടറേയും മാറ്റരുതെന്നും അവരെ കൊണ്ട് തന്നെ മുമ്പുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ വേണ്ടിയുള്ള ശ്രമം തുടരും. കഴിഞ്ഞ കുറെ വർഷമായി ലോക് നാഥ് ബെഹറയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങൾ പഠിക്കുന്നുണ്ട്. അന്ന് മെട്രോ അംബാസിഡറാക്കാൻ നോക്കിയപ്പോൾ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനിയിപ്പോ അവർ പാർലമെൻറിൽ ഈ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകും. ജനങ്ങളുടെ അസ്വാദനത്തിലും ആരാധനയിലും പ്രശ്‌നമില്ലാത്ത വിധം നല്ലരീതിയിൽ നടത്തുന്നതിനുള്ള പദ്ധതിയായിരിക്കും നടപ്പാക്കുക. എന്നെ ഒരു മുറിയിൽ കൊണ്ട് ഒതുക്കരുത്. എംപി എന്ന നിലയിൽ പല വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കാനാകും. തൃശൂർകാർ തെരഞ്ഞെടുക്കുന്ന എംപിയായാൽ തമിഴ്‌നാടിൻറെ കാര്യം കൂടി നോക്കും. പത്ത് വകുപ്പുകൾ എങ്കിലും നിയന്ത്രിക്കുന്ന സഹമന്ത്രിമാരുള്ള ഒരു ടീമിനെയാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.