'പദയാത്ര നയിക്കാൻ സുരേഷ് ഗോപി', ആവശ്യം കരിവന്നൂരിലെ ഇരകള്‍ക്ക് നീതി

 

കരുവന്നൂരിലെ ഇരകള്‍ക്ക് വേണ്ടി സുരേഷ് ഗോപി. ഗാന്ധിജയന്തി ദിനത്തില്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍നിന്ന് സുരേഷ് ഗോപി പദയാത്ര ആരംഭിക്കും.

തൃശൂരില്‍ സമാപിക്കും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പണം നഷ്ടമായ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര. പണം നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും പദയാത്രയില്‍ അണിനിരക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ എം.ടി രമേശ് പ്രസംഗിക്കും

കരുവന്നൂര്‍ തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടിയല്ല, വേട്ടക്കാര്‍ക്ക് വേണ്ടിയാണ് സി പി എം നിലകൊള്ളുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍ ആരോപിച്ചു. ഇ ഡി അന്വേഷണം തടസപ്പെടുത്താനാണ് സിപിഎം ശ്രമം. ഇത് തട്ടിപ്പുകാരെ സംരക്ഷിക്കാനാണ്. പണം നഷ്ടമായവരോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ തട്ടിപ്പിന് കൂട്ടുനിന്ന എ.സി മൊയ്തീന്‍, എം.കെ കണ്ണന്‍, പി.ആര്‍ അരവിന്ദാക്ഷന്‍, അനൂപ് ഡേവിസ് കാട എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി പി എം തയ്യാറാകണം.

ജനപ്രതിനിധികളായി തുടരാന്‍ ഇവര്‍ക്ക് അര്‍ഹതയില്ല. കോടികളുടെ തട്ടിപ്പ് പുറത്തു വന്ന സാഹചര്യത്തില്‍ കേരള ബാങ്ക് ഉള്‍പ്പെടെ സംശയ നിഴലിലായ ബാങ്കുകളുടെ സാമ്ബത്തിക സ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം പുറത്തിറക്കണം. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തൃശൂര്‍ സഹകരണ ബാങ്കിലേക്ക് ബി ജെ പി സഹകാരി സംരക്ഷണ പദയാത്ര നടത്തും. സുരേഷ് ഗോപി പദയാത്ര നയിക്കും. കരുവന്നൂരില്‍ പണം നഷ്ടമായ ഇരകളും പദയാത്രയില്‍ അണിനിരക്കും.

സെപ്തംബര്‍ 21 മുതല്‍ 30 വരെ ജില്ലയിലെ എല്ലാ പഞ്ചായത്ത് - നഗരസഭ കേന്ദ്രങ്ങളിലും സഹകരണ ബാങ്ക് കൊള്ളക്കെതിരെ ധര്‍ണ നടത്തും. സംശയനിഴലിലായ ബാങ്കുകള്‍ക്ക് മുന്നില്‍ ബിജെപി അദാലത്ത് സംഘടിപ്പിക്കും. അന്വേഷണം ആവശ്യമായ പരാതികള്‍ അമിത് ഷാക്ക് കൈമാറുമെന്നും അനീഷ് കുമാര്‍ പറഞ്ഞു.