തമിഴ്‌നാട് തിരഞ്ഞെടുപ്പ്: ബിജെപി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്‌യുടെ ടിവികെ

 

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK). ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിൽ ടിവികെ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി പാർട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ രംഗത്തെത്തിയത്. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം.

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ വഴി വിജയ്‌യെ എൻഡിഎ പാളയത്തിലെത്തിക്കാൻ ബിജെപി ദേശീയ നേതൃത്വം നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 80 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്ത് വിജയ്‌യെ സമ്മർദ്ദത്തിലാക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് ഈ പ്രഖ്യാപനം. ഡിഎംകെയെ രാഷ്ട്രീയ ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും പ്രഖ്യാപിച്ച ടിവികെ, ഒരു കാരണവശാലും ബിജെപിയുമായി കൈകോർക്കില്ലെന്ന് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ചെലവുകൾ കണക്കിലെടുത്ത് സഖ്യം വേണമെന്ന് ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഒരു മണ്ഡലത്തിൽ ശരാശരി അഞ്ച് കോടി രൂപയെങ്കിലും ചെലവ് വരുമെന്നും ഇത് ഒറ്റയ്ക്ക് സമാഹരിക്കാൻ പ്രയാസമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പാർട്ടിയുടെ സ്വത്വം കാത്തുസൂക്ഷിക്കാൻ തനിച്ച് പോരാടണമെന്ന തീരുമാനത്തിൽ നേതൃത്വം ഉറച്ചുനിൽക്കുകയായിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവർ അംഗീകരിക്കുമോ എന്ന് നിർമൽ കുമാർ നേരത്തെ ചോദിച്ചിരുന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സഖ്യസാധ്യതകളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.