പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശി

 

പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശിയെന്ന് കണ്ടെത്തൽ. നല്‍ഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്കെയാണ് സൂത്രധാരനെന്നാണ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നത്.

2013ല്‍ ച്ഛത്തിസ്ഗഡ് സുഖ്മയില്‍ കോൺഗ്രസ് നേതാവ് വി.സി ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഹനുമന്തു. ഇയാള്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗമാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദണ്ഡകാരണ്യ സോണല്‍കമ്മിറ്റിയുടെ ഭാഗമായാണ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന സഞ്ജയ് ദീപക് റാവു തെലങ്കാനയില്‍ അറസ്റ്റിലായ ശേഷമാണ് ഇയാള്‍ പശ്ചിമഘട്ടത്തിലെത്തിയത്.

അതേസമയം പശ്ചിമഘട്ട സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ ചുമതലയേറ്റ ഇയാള്‍ പലതവണ കേരളത്തിലെത്തിയാതായും വിവരമുണ്ട്. കര്‍ണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇയാളെന്നാണ് പുറത്തു വരുന്ന കണ്ടെത്തല്‍.