മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം; രാഹുൽ മാങ്കൂട്ടത്തിൽ ഹർജി നൽകി
Updated: Dec 2, 2025, 13:54 IST
ലൈംഗിക പീഡനക്കേസിൽ തൻ്റെ മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും, ഈ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണ് ഇങ്ങനെ ഒരു ആവശ്യമുന്നയിക്കുന്നതെന്നും രാഹുൽ ഹർജിയിൽ പറയുന്നു.
രാഹുലിൻ്റെ ഈ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. അതേസമയം, കേസുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ പാലക്കാടുള്ള ഫ്ലാറ്റിൽ അന്വേഷണ സംഘം എത്തി കെയർ ടേക്കറുടെ മൊഴിയെടുത്തിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ ഒരു മുതിർന്ന കോൺഗ്രസ് നേതാവിൻ്റേതാണെന്നാണ് സൂചന. ഈ നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോ എന്ന കാര്യമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. ഒളിവിലായിരിക്കുന്ന രാഹുലിനായി പാലക്കാട്, തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.