സ്വന്തം പാർട്ടിയുടെ കൊടി പിടിക്കാൻ പറ്റാത്ത പാർട്ടിയായി കോൺഗ്രസെന്ന് മുഖ്യമന്ത്രി; ഉപദേശം വേണ്ടെന്ന് കെ സി വേണു​ഗോപാൽ

 

കൊടി വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കോൺ​ഗ്രസും ലീ​ഗും. മുഖ്യമന്ത്രി പിണറായി വിജയൻ അതി രൂക്ഷമയാണ് വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ചത്. കോൺഗ്രസ്‌ ത്രിവർണ പതാക ഉപേക്ഷിക്കണമെന്ന സംഘപരിവാറിന്റെ ആവശ്യം നേതാക്കൾ ഏറ്റെടുക്കുകയാണോ എന്നും സ്വന്തം പാർട്ടിയുടെ കൊടി പിടിക്കാൻ പറ്റാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാലിന്റെ പ്രതികരണം. കോൺഗ്രസ്‌ എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിച്ചു കൊള്ളുമെന്നും കെസി തിരിച്ചടിച്ചു. പതാക വിവാദത്തിൽ മുഖ്യമന്ത്രിക്ക് ലീഗും മറുപടി നൽകി. യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിർത്താനാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്നത് ദേശീയ പദവി നിലനിർത്താൻ ആണെന്നും പിഎംഎ സലാം പ്രതികരിച്ചു. പിണറായിയുടെയും ബിജെപിയുടെയും ആവശ്യം കോൺഗ്രസിനെ തോൽപ്പിക്കലാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു.