'കാണുമ്പോള്‍ കുട്ടി വിങ്ങി കരയുകയായിരുന്നു, ബാഗും ടിക്കറ്റും കയ്യിലുണ്ടായിരുന്നു,  പാറശ്ശാലയില്‍ ഇറങ്ങിയിട്ടില്ല'; കുട്ടിയെ ട്രെയിനില്‍ കണ്ട ബബിത 

 

കാണുമ്പോള്‍ കുട്ടി വിങ്ങികരയുകയായിരുന്നു. ബാഗും ടിക്കറ്റും കയ്യിലുണ്ടായിരുന്നു. മലയാളി അല്ലെന്ന് മനസിലായി. വസ്ത്രം കണ്ടപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി വന്നതാണെന്ന് തോന്നി. ഫോട്ടോ എടുത്തപ്പോള്‍ കുട്ടിയുടെ മുഖത്ത് ദേഷ്യഭാവമായിരുന്നു. കുട്ടി കരയുന്നത് കണ്ടപ്പോഴാണ് ഫോട്ടോ എടുത്തത്. കുട്ടിക്ക് പേടിയുള്ളതായി തോന്നിയില്ല. സ്ഥിരമായി യാത്ര ചെയ്യുന്ന ആളെ പോലെയാണ് തോന്നിയത്. കുട്ടി പാറശ്ശാലയില്‍ ഇറങ്ങിയിട്ടില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കന്യാകുമാരിയില്‍ ഇറങ്ങിയിരിക്കാം. കുട്ടിയെ കാണാനില്ലെന്ന് വാര്‍ത്ത കണ്ടപ്പോഴാണ് പൊലീസിനെ വിളിച്ചത്', കുട്ടിയെ ട്രെയിനില്‍ കണ്ട ബബിത പറയുന്നു. 

'കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, വീട്ടിൽ നിന്ന് പിണങ്ങി വന്നതാകുമെന്ന് കരുതി'; യാത്രക്കാരി ബബിത
കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നതെന്നും പുലര്‍ച്ചെ ചാനല്‍ വാര്‍ത്ത കണ്ടാണ് പൊലീസിന് ഫോട്ടോ അയച്ചുകൊടുക്കുന്നതെന്നും ബബിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


തമ്പാനൂരിൽ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് ബബിത പറഞ്ഞു. നെയ്യാറ്റിൻകരയില്‍ വെച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതും സംശയം തോന്നി. കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്. അങ്ങനെ എടുക്കാൻ തോന്നി. വീട്ടില്‍ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി.  പെണ്‍കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ല.

ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തായ യാത്രക്കാരിയാണ് കുട്ടി നമ്മുടെ കുടെ തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫോട്ടോയെടുത്തത്. വീട്ടില്‍ നിന്ന് നല്ല കാറ്റായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് യൂട്യൂബില്‍ ചാനലുകളിലെ വാര്‍ത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്. തുടര്‍ന്ന് നാലു മണിയോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാത്രി കുട്ടിയെ കാണാതായ സംഭവം ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും ബബിത പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്തശേഷം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ബബിത പറഞ്ഞു. 

കുട്ടിയുടെ കയ്യില്‍ നോട്ട് ചുരുട്ടി പിടിച്ചിരുന്നു. 40 രൂപയോളം വരുമെന്നാണ് തോന്നുന്നത്. കയ്യില്‍ ബാഗുണ്ടായിരുന്നെങ്കിലും പൊടിയുണ്ടായിരുന്നു. കുട്ടിയെ കണ്ടപ്പോള്‍ എന്തോ ഫോട്ടോയെടുക്കാൻ തോന്നിയതാണെന്നും ബബിത പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് മെഡിക്കല്‍ കോഡിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ബബിത.